അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരണ്മയി. ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം ആദ്യമായി തന്റെ മനസ് തുറന്ന് സംസാരിക്കുകയാണ് താരം.പറയാം നേടാം എന്ന ഷോയിലാണ് അഭയ മനസു തുറന്നത്.
ജീവിതത്തില്‍ തനിക്ക് ഒരാളെ മിസ് ചെയ്യുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക ഇപ്പോള്‍. ജീവിതത്തില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല.
എല്ലാത്തിലും ഉപരി താന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് തന്റെ കരിയറിനാണ് എന്നും അഭയ പറയുന്നു. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്മയി പറഞ്ഞിരുന്നു.
മുമ്പ് ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതിനെ കുറിച്ച് മനസിലാക്കിയത്. പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്മെന്റുകളൊന്നും ഇപ്പോഴില്ല.
അന്നും ഇന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുള്ളത് സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും ഒപ്പമുള്ളത്. വീട്ടുകാരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. എഞ്ചീനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കി മാറ്റിയപ്പോള്‍ ആ തീരുമാനത്തെ അവരും സ്വാഗതം ചെയ്തുവെന്നും അഭയ പറഞ്ഞു.
ടു കണ്ട്രീസ്, ജയിംസ് ആന്‍ഡ് ആലീസ്, ഗൂഢാലോചന തുടങ്ങിയ സിനിമകളിലാണ് അഭയ ഗാനമാലപിച്ചിട്ടുള്ളത്. സംഗീത സംവിധായകന് ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാനലോകത്തിന് പരിചയപ്പെടുത്തിയത്. പത്ത് വര്‍ഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവര്‍ വേര്‍പിരിഞ്ഞത്.