മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിലൊന്നായ 'ദൃശ്യ'ത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.ദൃശ്യത്തിലെ മിക്ക രംഗങ്ങളും അതേപടി പകര്‍ത്തിയാണ് ചൈനീസ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ അതേ രംഗങ്ങള്‍ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്കരിച്ചിരിക്കുന്നു. സിനിമയിലെ വില്ലനായ വരുണ്‍ ഉപയോഗിച്ച കാറിന്റെ അതേ നിറത്തിലുള്ള വാഹനം വരെയാണ് റീമേക്കിലും. നേരത്തെ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ശ്രീലങ്കന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
യാങ് സിയാവോയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത്. 'ലീ' എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. സാം ക്വ ആണ് സംവിധായകന്.
മലയാളത്തില്‍ തരംഗം തീര്‍ത്ത മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം' ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലും സിംഹള ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് ചിത്രം റിലീസ് ചെയ്യും.
രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം ഇതിലൂടെ. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.
2013ലാണ് മലയാളത്തിലെ ദൃശ്യം തീയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിനെക്കൂടാതെ മീന,ഹന്‍സിബ,എസ്തര് അനില്‍,ആശ ശരത്,കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി.
ഹേങ് വാന്‍ എന്ന ചൈനീസ് സിനിമാ ബാനറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന് ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണു കരാറില്‍ ഒപ്പിട്ടത്.