മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. മലയാളത്തിന്റെ നടനവിസ്മയത്തിന്റെ 63ാം പിറന്നാളാഘോഷം കേരളത്തിലെ ആരാധകരും സിനിമാ ലോകവും കെങ്കേമമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആരാധകര്‍ ആശംസകൊണ്ട് പൊതിയുകയാണ്. താരസുഹൃത്തുക്കളും നടന് ആശംസകള്‍ അറിയിച്ചു.പിറന്നാള്‍ ദിനത്തില്‍ 12 മണിക്ക് തന്നെ ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ട് പ്രിയസുഹൃത്തിന് ആശംസകള്‍ അറിയിച്ചു. ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവച്ചു.
'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകരും പോസ്റ്റിന് കമന്റുകള്‍ രേഖപ്പെടുത്തി.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വേദിയില്‍ മോഹന്‍ലാലിന്റെ ജന്മദിനം ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തില്‍ ആഘോഷിച്ചു .' മാറ്റങ്ങള്‍ക്കൊപ്പം മറ്റാരേക്കാളും മുന്‍പേ സഞ്ചരിക്കുക .. ' ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയില്‍ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ മോഹന്‍ലാന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരില്‍ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നുവെന്ന് തദവസരത്തില്‍ കെ മാധവന്‍ പറഞ്ഞു .
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
ഈ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭനല്‍കികൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു
പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച ഫോട്ടോകളും ഏവരുടെയും ഹൃദയം കവരുന്നതാണ്.അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിനെ ഫോട്ടോയില്‍ കാണാം. ഹം(HUM) ഫൗണ്ടേഷന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച മോഹന്‍ലാല്‍, കുഞ്ഞുങ്ങള്‍ക്ക് സമ്മാനപ്പൊതികളും കൈമാറി. 'കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം', എന്നാണ് ഫോട്ടോകള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.
എന്നാല്‍ തന്റെ സുഹൃത്തിന് പിറന്നാള്‍ ദിനത്തില്‍ ആഡംബര കാര്‍ സമ്മാനമായി നല്കിയിരിക്കുകയാണ് ഹെഡ്ജ് ഉടമ അലക്സ് കെ ബാബു. 72 ലക്ഷം രൂപയുടെ കാര്‍ കിയ ഷോറൂം അധികൃതര്‍ താരത്തിന്റെ വീട്ടിലെത്തി സമ്മാനിച്ചു. ഇതി്‌ന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാര്‍ ഏറ്റുവാങ്ങുമ്പോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. ജൂണ്‍ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് അലക്സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. 2019-ല്‍ പ്രളയത്തില്‍ രക്ഷപ്രവര്‍ത്തനത്തിനിടയില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിനാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ വീടൊരുക്കിയത്..പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണായിരുന്നു സേവാഭാരതി പ്രവര്‍ത്തകനായ ലിനുവിന്റെ ജീവന്‍ നഷ്ടമായത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു.തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ലിനുവിന് ജീവന്‍ നഷ്ടമായത്..
ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന 'റാമി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹന്‍ലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടന്‍ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.