അന്തരിച്ച നിർമാതാവ് പികെആർ പിള്ളയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പികെആർ പിള്ള വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പികെആറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.
എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര
വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.