Latest News

അദ്ദേഹം എന്റെ ജ്യേഷ്ഠൻ അല്ല എന്റെ അച്ഛനാണ്; തുറന്ന് പറഞ്ഞ് എം.ജി.ശ്രീകുമാർ

Malayalilife
topbanner
 അദ്ദേഹം എന്റെ ജ്യേഷ്ഠൻ അല്ല എന്റെ അച്ഛനാണ്; തുറന്ന് പറഞ്ഞ്  എം.ജി.ശ്രീകുമാർ

പ്രതിഭാധനനായ സംഗീത പ്രതിഭയായ  എം.ജി രാധാകൃഷ്ണനെ കുറിച്ച് സഹോദരൻ എം.ജി ശ്രീകുമാറിന് വാക്കുകൾ ഏറെയാണ്. 'അദ്ദേഹം എനിക്ക് ജ്യേഷ്ഠൻ അല്ല അച്ഛൻ ആയിരുന്നു'എന്നാണ് എന്നാണ് ശ്രീകുമാർ എപ്പോഴും പറയാറുള്ളത്.  ജ്യേഷ്ഠന്റെ സംഗീതം കേട്ടാണ്   ബാല്യം മുതൽ  ശ്രീകുമാർ വളർന്നത്. എന്നാൽ ഇപ്പോൾ ജ്യേഷ്ഠന്റെ ചരമ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകളുമായി എം.ജി ശ്രീകുമാർ പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്.

അദ്ദേഹം എന്റെ ജ്യേഷ്ഠൻ അല്ല. എന്റെ അച്ഛനാണ്. എന്റെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞങ്ങൾ തമ്മിൽ ഒരുപാട് പ്രായവ്യത്യാസം ഉണ്ട്. എന്റെ ചേട്ടനും ചേച്ചിയും ജനിച്ച് ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ഞാൻ പിറന്നത്. ഹരിപ്പാടാണ് ഞാൻ ജനിച്ചത്. രണ്ടാം വയസിൽ തിരുവനന്തപുരത്തേയ്ക്കെത്തി. കാരണം അന്ന് ചേട്ടന്‍ സ്വാതി തിരുനാൾ സംഗീത അക്കാദമിയിലും ചേച്ചി വിമൻസ് കോളജിലും പഠനം തുടങ്ങുന്ന കാലമായിരുന്നു. ഞങ്ങളുടെ അമ്മ കരമന സംഗീത കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആ ‌കാലഘട്ടത്തിൽ എന്റെ അച്ഛൻ ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ്, വൈക്കം വാസുദേവൻ നായർ, ഓച്ചിറ വേലുക്കുട്ടി എന്നിങ്ങനെ പ്രഗത്ഭരായുള്ള സംഗീതജ്ഞർക്കൊപ്പം ചവിട്ടു നാടകത്തിൽ പാടുമായിരുന്നു. അന്ന് ഓലപ്പുര പോലെ കെട്ടിയുണ്ടാക്കിയ സ്ഥലത്ത് പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആയിരുന്നു ചവിട്ടു നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. അത് മൈക്കൊന്നും ഇല്ലാത്ത കാലമായിരുന്നു. നാടകത്തിനു വേണ്ടി ഹാർമോണിയം വായിച്ചു കൊണ്ടു പാടും. അച്ഛനായിരുന്നു പാടിയിരുന്നത്. മേൽ പറഞ്ഞ സംഗീതജ്‍ഞരുൾപ്പെടെ എല്ലാവരും വേദികളിൽ വന്നു പാടിയിട്ടാണ് അഭിനയിക്കുന്നത്. ആ കാലഘട്ടം പിന്നിട്ടു. അച്ഛനു ജോലിയൊന്നും ഇല്ലാതിരുന്ന കാലത്ത് അമ്മയുടെ ഒറ്റ വരുമാനത്തിലായിരുന്നു ‍ഞങ്ങൾ ജീവിച്ചത്. അന്ന് തൈക്കാട് ഒരു വാടക വീട്ടിലായിരുന്നു താമസം. അത് മ്യൂസിക് അക്കാദമിയുടെ തൊട്ടടുത്തായിരുന്നു. അന്നൊക്കെ ചേട്ടനൊപ്പം ദാസേട്ടനും നെയ്യാറ്റിൻകര വാസുദേവൻ സാറുമെല്ലാം വീട്ടിൽ വരികയും പാട്ടുകൾ പാടുകയുമെല്ലാം ചെയ്യുമായിരുന്നു. അതൊക്കെ കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ എന്നെയുമെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപൊയിരുന്നതൊക്കെ എന്റെ ചേട്ടനാണ്.


എന്റെ കൗമാരകാലത്തു തന്നെ എനിക്കു സംഗീതത്തോടു വലിയ താത്പര്യം തോന്നിത്തുടങ്ങി. തുടക്കം മുതൽ തന്നെ ഞാൻ എല്ലാ രാഗങ്ങളും പാടുമായിരുന്നു. അതെങ്ങനെ എന്നെക്കൊണ്ടു സാധിച്ചു എന്നെനിക്കറിയില്ല. ജന്മനാൽ അങ്ങനൊരു ജ്ഞാനം കിട്ടിയതു വളരെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. അന്നു ഞാൻ പാടിയതൊന്നും പഠിച്ചിട്ടായിരുന്നില്ല. എങ്ങനെയോ അന്ന് അതു സാധിച്ചു. ജന്മനാൽ അത്തരമൊരു ജ്ഞാനം നൽകിയ എന്റെ അമ്മയ്ക്കും അച്ഛനും ഞാൻ നന്ദി പറയുകയാണ്. ആ കാലഘട്ടിൽ ഞാൻ ചേട്ടനോടൊപ്പം പാടാൻ തുടങ്ങി. ചേട്ടന്റെ കച്ചേരികൾക്ക് ഏകദേശം പതിനാലു വർഷം അദ്ദേഹത്തിന്റെ പിന്നിലിരുന്നു തംബുരു മീട്ടുകയും കൂടെ പാടുകയും ചെയ്തു. പത്തു വർഷം കഴിഞ്ഞപ്പോൾ ചേട്ടന്റെ അരികിലിരുന്ന് കീർത്തനം ഒരുമിച്ചു പാടാനുള്ള അവസരവും എനിക്കു കിട്ടി. ആ ഒരു അറിവു മാത്രമാണ് എനിക്കു ക്ലാസിക്കൽ സംഗീതത്തിലുള്ളത്. ഞാൻ അക്കാദമിയിൽ പോയി പഠിച്ചിട്ടില്ല. തിയറി പരമായ അറിവല്ല മറിച്ച് പ്രാക്ടിക്കൽ ആയുള്ളതാണ്. ഒരുപാട് കാലം എന്റെ ചേട്ടന്റെ കൂടെയിരുന്ന് പാടിയതിന്റെ ഗുണമാണ് ഇന്നും എനിക്കുള്ളത്. എന്റെ സ്റ്റേജ് പരിപാടികൾക്കു മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെങ്കില്‍ ആ പ്രേക്ഷക സ്വീകാര്യതയുടെയെല്ലാം അടിസ്ഥാനം എന്റെ ചേട്ടൻ ആണ്.


ചേട്ടൻ കച്ചേരിക്കു പാടുന്നതുപോലെ മറ്റാരും പാടുന്നതു ഞാൻ കേട്ടില്ല. മഹാന്മാരായി ഒരുപാട് പേർ ഉണ്ട്. പക്ഷേ ചേട്ടന്റെ ആ തലമുറയിലെ മറ്റാരും അദ്ദേഹം പാടുന്നതു പോലെ പാടില്ല. അത്രയ്ക്കും ജ്ഞാനി ആയിരുന്നു അദ്ദേഹം. എന്റെ ചേച്ചി വീട്ടിൽ വച്ച് സംഗീതം ഒരുപാട് പരിശീലിക്കുമായിരുന്നു. പക്ഷേ ചേട്ടന്‍ പരിശീലിക്കുകയേ ഇല്ലായിരുന്നു. എന്നാൽ കച്ചേരിക്കു ചെന്നിരുന്ന് ഓരോ രാഗങ്ങളും അവതരിപ്പിക്കുന്നതിന്റെ ഭംഗി എനിക്കു വിവരിക്കാനാവില്ല. ഓരോ മാസവും ചിലപ്പോൾ പത്തു കച്ചേരികളൊക്കെ ഉണ്ടാകും. അതിൽ ഓരോന്നിലും ചേട്ടൻ പാടുന്നത് വ്യത്യസ്തങ്ങളായ രാഗങ്ങളും കീർത്തനങ്ങളുമായിരുന്നു. പ്രാക്ടീസ് ചെയ്യാതെ ഉഴപ്പി നടന്നിട്ടും എങ്ങനെ ഇതു സാധിക്കുന്നു എന്നോർത്ത് എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്.

ചേട്ടന്റെ ലളിതസംഗീതങ്ങളെക്കുറിച്ചു പറയാതിരിക്കാൻ വയ്യ. കാവാലം നാരായണപ്പണിക്കർ, പൂവച്ചൽ ഖാദർ, ബിച്ചു തിരമല എന്നിവർക്കൊപ്പമുള്ള പാട്ടുകളും അവയുടെ സൗന്ദര്യവും നമ്മുടെ ചിന്തകൾക്കതീതമാണ്. വർഷങ്ങൾക്കു മുൻപ് പിറന്നതാണെങ്കിലും ആ പാട്ടുകൾ ഓരോന്നും ഇന്നും മുത്തും പവിഴവും പോലെയാണ്. വിമർശിക്കാൻ ഒരംശം പോലും ഇല്ലാത്ത ഗാനങ്ങളാണ് ചേട്ടന്റേത്. പക്ഷേ സിനിമയിലെന്തോ അത്രത്തോളം ശോഭിക്കാൻ ചേട്ടനു സാധിച്ചില്ല. മണിച്ചിത്രത്താഴ് എന്ന ചിത്രം അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലാണ്. അതിലെ പഴംതമിഴ് പാട്ടും, ഒരു മുറൈ വന്തു പാർത്തായയുമൊക്കെ ‌ഗംഭീര ഗാനങ്ങളാണ്. ചേട്ടന് അത്രയും കഴിവുകൾ ഉണ്ടായിരുന്നിട്ടും പത്മരാജൻ, ഭരതൻ തുടങ്ങിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നിട്ടും സിനിമാ മേഖലിയിൽ പ്രശോഭിക്കാൻ സാധിച്ചില്ല. സിനിമാ സംഗീതം അന്നു ചെന്നൈയില്‍ ആയിരുന്നു. അവിടെ വരെ പോയി പാട്ടുകൾ ചെയ്യുക എന്നത് ചേട്ടന് അത്ര താത്പര്യം ഇല്ലായിരുന്നു. വരികൾ കണ്ടാൽ ചേട്ടനു മനസിൽ തോന്നുന്ന ഒരു ഈണം ഉണ്ട്. അതിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സംഗീതസംവിധായകൻ ഒരു ട്യൂൺ ഇട്ടാൽ സംവിധായകരും നിർമാതാക്കളും അതിൽ ചില മാറ്റങ്ങൾ വരുത്താനൊക്കെ ആവശ്യപ്പെടും. പക്ഷേ അദ്ദേഹത്തിന് അത് ഇഷ്ടമായിരുന്നില്ല. സിനിമയിൽ ശോഭിക്കാത്തതിൽ ചേട്ടന് ഒരു വിഷമവും ഇല്ലായിരുന്നു. ‘എന്നിലുള്ള സംഗീതം എല്ലാവർക്കും അറിയാം അതിന് എത്രത്തോളം ആഴം ഉണ്ടെന്നും അറിയാം, അതുകൊണ്ടു തന്നെ സിനിമാ ഗാനങ്ങൾ ചെയ്തില്ലെങ്കിലും എനിക്കൊരു കുഴപ്പവുമില്ല’ എന്നു ചേട്ടൻ പറയുമായിരുന്നു.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പാട്ടുകളെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെ അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ എന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ ഉണ്ട്. തിര നുരയും,  പൂമകൾ വാഴുന്ന കോവിലിൽ എന്നിവ അവയിൽ ചിലതു മാത്രം. 'പ്രണയ വസന്തം തളിരണിയുമ്പോൾ' എന്ന ഗാനമാണ് ചേട്ടന്റെ സംഗീതത്തിൽ ഞാൻ ആദ്യമായി പാടിയ സിനിമാ ഗാനം. അത് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു. സത്യൻ അന്തിക്കാട് എഴുതി ചേട്ടൻ സംഗീതം നൽകിയ പാട്ടാണ് അത്. പക്ഷേ ദാസേട്ടൻ പാടിയതാണ് സിനിമയിൽ എത്തിയത്. അതിൽ എനിക്കു ദുഃഖം തോന്നിയില്ല. അതിനു ശേഷം ചേട്ടന്റെ സംഗീതത്തിൽ ഞാൻ എത്രയോ ഗാനങ്ങൾ പാടി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ'. പിന്നെ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ 'പാടുവാൻ...' എന്ന ഗാനവും എനിക്കു ഒരുപാട് ഇഷ്ട്ടമാണ്. പിന്നെ ചേട്ടന്റ ലളിത ഗാനങ്ങൾ ഒരുപാടുണ്ട്. അതിൽ പ്രിയപ്പെട്ടതിനെ തരം തിരിക്കാൻ സാധിക്കില്ല.

ഞങ്ങളുടേതു കൂട്ടുകുടുംബം ആയിരുന്നു. അച്ഛനും അമ്മയും മരിച്ചു. മുതിർന്നപ്പോൾ ഞാൻ വിവാഹം കഴിച്ചു സംഗീതജീവിതത്തിലെ തിരക്കുകളുമായി ചെന്നൈയിൽ താമസം ആരംഭിച്ചു. സ്റ്റേജ് പരിപാടികളും സിനിമാ സംഗീതവുമൊക്കെയായി ഞാൻ സ്വന്തമായ വഴിയിലേക്കു തിരിഞ്ഞു. ചേട്ടനുമായി യാത്രകളൊക്കെ ഉണ്ടായിരുന്നു. പിന്നെ വാർധക്യത്തിലേയ്ക്ക് എത്തിയപ്പോൾ ചേട്ടൻ കച്ചേരികൾക്കൊന്നും പോകാതെയായി. പിന്നെ എന്റേതായ വഴിയിലൂടെ സഞ്ചരിച്ച് ഞാൻ ഇവിടം വരെ എത്തി. എന്നിരുന്നാൽ പോലും എനിക്കു സംഗീതം പകർന്നു കിട്ടിയത് എന്റെ ചേട്ടനിൽ നിന്നാണ്.

ജീവിതത്തിൽ ഒരു തീരാ ദുഃഖം ഉണ്ട്. ചേട്ടനെ അവസാനമായി ഒന്നു കാണാനോ അന്ത്യചുംബനം നൽകാനോ എനിക്കു സാധിച്ചില്ല. ചേട്ടൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് എനിക്ക് സംഗീത പരിപാടിയുമായി ബന്ധപെട്ട് അമേരിക്കയിൽ പോകേണ്ടി വന്നു. അപ്പോൾ എന്റെ ചേട്ടൻ ആശുപത്രിയിൽ ആയിരുന്നു. കണ്ടാൽ ആളെ തിരിച്ചറിയുമെങ്കിലും ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിരുന്നു. അതിനു വർഷങ്ങൾക്കു മുൻപു തന്നെ ചേട്ടൻ രോഗാവസ്ഥയിൽ ആയിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളും  മറ്റും കൊണ്ട് അദ്ദേഹം ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു. മരിക്കുന്നതിന്റെ തലേ വർഷം മുതൽ ആശുപത്രിയും വീടുമായി മാത്രമായിരുന്നു ചേട്ടന്റ ജീവിതം. അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ഞാൻ ആശുപത്രിയിൽ എത്തി ചേട്ടനെ കണ്ടു കാലിൽ തൊട്ടു തൊഴുതു. ഞാൻ അമേരിക്കയിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അതു മാത്രമായിരുന്നു അന്നത്തെ പ്രതികരണം. യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി അമേരിക്കയ്ക്കു പോയി. അന്ന് പരിപാടിയിൽ പങ്കെടുക്കാൻ ദാസേട്ടൻ ഉൾപ്പെടെ കുറേ പേർ ഉണ്ടായിരുന്നു. രണ്ടാം  ദിവസം പരിപാടി കഴിഞ്ഞ് ഞാൻ മുറിയിൽ എത്തിയപ്പോൾ ആണ് ചേട്ടൻ മരിച്ചു എന്നു പറഞ്ഞു ഫോൺ കോൾ വന്നത്. അന്ന് നാട്ടിലേക്കു വരിക എന്നത് പ്രായോഗികം ആയിരുന്നില്ല.  കാരണം, മടങ്ങിയെത്താൻ നാലു ദിവസത്തോളം വേണ്ടിവരും.

അത്രയും ദിവസം മൃതദേഹം വച്ചു കാത്തിരിക്കുക എന്നത് പ്രയാസമായിരുന്നു. അതു മാത്രമല്ല വന്നാലും തൊട്ടടുത്ത ദിവസം തന്നെ ഞാൻ തിരിച്ചു പോകേണ്ടി വരും. കാരണം പതിനാറു പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് അന്നു ഞങ്ങൾ പോയത്. അന്ന് ഞാൻ നിസ്സഹാവസ്ഥയിലായിപ്പോയി. എന്റെ സാഹചര്യങ്ങളെ കുറിച്ച് ഞാൻ നാട്ടിലേക്കു വിളിച്ചറിയിച്ചു. അങ്ങനെ ഞങ്ങളുടെ കുടുംബക്കാർ എല്ലാവരും ചേർന്ന് ചേട്ടന്റെ സംസ്‍കാരം നടത്തി. ഞാൻ സ്ഥലത്തുണ്ടായിരുന്നിട്ടും സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയില്ല എന്ന തരത്തിൽ പലരും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു. അതു കേട്ടപ്പോള്‍ ദു:ഖം തോന്നി. എന്റെ ചേട്ടൻ എന്റെ ചേട്ടൻ തന്നെയാണ്. ഞാൻ അന്നും ഇന്നും എന്നും ചേട്ടനെ സ്മരിക്കാറുണ്ട്. അവസാനാമായി ഒന്നു കാണാൻ പറ്റാത്തത് എന്നും ഒരു ദുഃഖമായി അവശേഷിക്കുന്നു.

He is not my elder brother but my father said mg sreekumar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES