മാച്ച്ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം 'ഡാപ്പര്‍ മാമാ' പുറത്തിറങ്ങി. ജോനിതാ ഗാന്ധി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലില്‍ ഗാനം സ്ട്രീം ചെയ്യാന്‍ ലഭ്യമാണ്. അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 26 ന് റിലീസ് ചെയ്യും.
ഗാനത്തിന്റെ പെര്‍ക്കഷന്‍ കൈകാര്യം ചെയ്തത് അസ്സന്‍ നിധീഷ് എസ്.ഡി.ആണ്. അഡിഷണല്‍ റിഥം പ്രോഗ്രാമിങ് അല്‍ നിഷാദും വോക്കല്‍ ട്യൂണിങ് ലിജേഷ് കുമാറുമാണ് നിര്‍വഹിച്ചിട്ടുള്ളത്. തിരുവനന്തപുരം ദീപക് എസ്.ആര്‍. പ്രൊഡക്ഷന്‍സില്‍ ദീപക് എസ്.ആറാണ് ഗാനം റെക്കോര്‍ഡ് ചെയ്ത് സംഗീത സമ്മിശ്രണം നിര്‍വഹിച്ചത്.
നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു' സംവിധാനം ചെയ്യുന്നത്. 'അന്ധാധൂന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. ചലച്ചിത്ര സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റ്റര്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്കൊപ്പം ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍, ശിവ ഹരിഹരന്‍, ഫാഹിം സഫര്‍, സെറിന്‍ ഷിഹാബ് തുടങ്ങിയവര്‍ 'ത്രിശങ്കു'വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈന്‍ ധനുഷ് നായനാരുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇ4 എന്റര്‍ടൈന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത് തിങ്ക് മ്യൂസിക്.