Latest News

അഭിനയം ഞാന്‍ എന്‍ജോയ് ചെയ്യുന്ന കംഫര്‍ട്ടബിള്‍ ആയ സോണില്‍ എന്നെ നിര്‍ത്തുന്ന ഒരു ജോലിയാണ്; കസബയില്‍ സ്ത്രീവിരുദ്ധത കെട്ടിയേല്പിക്കുന്നതില്‍ കാര്യമില്ല; ;ലേലം-2 സമീപഭാവിയില്‍ തന്നെ പിറവിയെടുത്തേക്കും; മനസു തുറന്നു രണ്‍ജി പണിക്കര്‍

Malayalilife
topbanner
അഭിനയം ഞാന്‍ എന്‍ജോയ് ചെയ്യുന്ന കംഫര്‍ട്ടബിള്‍ ആയ സോണില്‍ എന്നെ നിര്‍ത്തുന്ന ഒരു ജോലിയാണ്; കസബയില്‍ സ്ത്രീവിരുദ്ധത കെട്ടിയേല്പിക്കുന്നതില്‍ കാര്യമില്ല; ;ലേലം-2 സമീപഭാവിയില്‍ തന്നെ പിറവിയെടുത്തേക്കും; മനസു തുറന്നു രണ്‍ജി പണിക്കര്‍

ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ പിറക്കും; അഭിനയം ഞാൻ എൻജോയ് ചെയ്യുന്ന കംഫർട്ടബിൾ ആയ സോണിൽ എന്നെ നിർത്തുന്ന ഒരു ജോലിയാണ്; മാഫിയയിലെ റോൾ ഷാജിയോട് കലഹിച്ചിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്; കസബയിൽ സ്ത്രീവിരുദ്ധത കെട്ടിയേല്പിക്കുന്നതിൽ കാര്യമില്ല; മനുഷ്യവിരുദ്ധതയുണ്ടോ എന്ന് അന്വേഷിക്കൂ; ലേലം-2 സമീപഭാവിയിൽ തന്നെ പിറവിയെടുത്തേക്കും; മറുനാടനോട് മനസുതുറന്നു റാഞ്ചി പണിക്കർ

തിരുവനന്തപുരം: മലയാളത്തിലെ പോപ്പുലർ സിനിമകളുടെ ഗ്രാമർ മാറ്റിയ തിരക്കഥകളായിരുന്നു രൺജി പണിക്കരുടേത്. ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന തലസ്ഥാനം, തലസ്ഥാനത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കിങ്, കമ്മീഷണർ തുടങ്ങിയ സിനിമകൾ മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചു. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉള്ള അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന നായകന്മാരെ ആണ് ശക്തമായ തിരക്കഥകൾ വഴി രൺജി പണിക്കർ സൃഷ്ടിച്ചെടുത്തത്. സുരേഷ് ഗോപിയുടെ ഐപിഎസ് വേഷങ്ങൾ, കിംഗിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജോസഫ് അലക്‌സ് എന്ന ഐഎഎസുകാരൻ തുടങ്ങി ഒട്ടുവളരെ കഥാപാത്രങ്ങൾ. നട്ടെല്ലും ധൈര്യവും കർമ്മശേഷിയും ഉണ്ടെങ്കിൽ ഒരു സമൂഹത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും എന്ന് പ്രഖ്യാപിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു രൺജി പണിക്കർ സൃഷ്ടിച്ചെടുത്തത്.

ജയരാജിന്റെ ഭയാനകത്തിലെ രൺജി പണിക്കറുടെ അഭിനയവും വാഴ്‌ത്തപ്പെട്ടു. തിരക്കഥാകൃത്ത് എന്ന നിലയിലും നടനെന്ന നിലയിലും സംവിധായകൻ എന്ന രീതിയിലും രൺജി പണിക്കർ ഇപ്പോൾ ശ്രദ്ധേയനാണ്. ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടിൽ ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇനി സിനിമകൾ പിറക്കുമോ എന്ന ചോദ്യത്തിനും രൺജി പണിക്കർ പ്രതികരിക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രോജക്ട് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചിട്ടുമുണ്ട്. പക്ഷെ അത് എപ്പോൾ തുടങ്ങുമെന്ന് ഒരു സാഹചര്യമില്ലാത്തതുകൊണ്ടാണ് അങ്ങിനെയൊരു അനൗൺസ്മെന്റിലേക്ക് അത് എത്തിച്ചേരാത്തത്-മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രൺജി പണിക്കർ പറയുന്നു. മകൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കസബയിൽ സ്ത്രീ വിരുദ്ധതയില്ല. സ്ത്രീവിരുദ്ധം എന്ന സാധനം കെട്ടിയേല്പിക്കുന്നതിൽ കാര്യമില്ലെന്നും കസബയിൽ മനുശ്യവിരുദ്ധതയുണ്ടോ എന്നാണ് അന്വേഷിക്കേണ്ടതെന്നും രൺജി പണിക്കർ പറയുന്നു. ആദ്യമായി തന്നെ നടനാക്കി ക്യാമറയ്ക്ക് മുന്നിലേക്ക് ഷാജി കൈലാസ് മാറ്റി നിർത്തിയ സാഹചര്യത്തെക്കുറിച്ചും അഭിമുഖത്തിൽ രൺജി പണിക്കർ വിശദമാക്കുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ്. ഇപ്പോൾ ഏറ്റവും മികച്ച അഭിനേതാവുമാണ്. ഇതേ സമയം മികച്ച സംവിധായകനാണ്. ഏറ്റവും കൂടുതൽ സ്ട്രെയിൻ ചെയ്യുന്നത് തിരക്കഥാകൃത്ത് എന്ന നിലയിലോ നടൻ എന്ന നിലയിലോ?

ഏറ്റവും മികച്ചത് എന്ന വിശേഷണം ഒഴിവാക്കിയാൽ ബാക്കി എല്ലാമാണ് ഞാൻ. തിരക്കഥാകൃത്താണ്. നടനാണ്. സംവിധായകനാണ്. ഈ മൂന്നു ജോലികളും തമ്മിൽ താരതമ്യം ചെയ്യാൻ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഒരെഴുത്തുകാരന്റെ ജോലി അഭിനേതാവിന്റെ ജോലിയിൽ നിന്നും പൂർണമായി വ്യത്യസ്തമാണ്. വളരെ ഭാരിച്ച ജോലിയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള ഞാൻ തന്നെ ഞാൻ എഴുതിയ തിരക്കഥകളുടെ സംവിധായകൻ എന്ന നിലയ്ക്കാണ്. അതുകൊണ്ട് സംവിധാനത്തേക്കാൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയത് എഴുത്താണ്. എന്നെ എല്ലാ കാലവും ചാലഞ്ച് ചെയ്തിട്ടുള്ളത് എഴുത്തും അതിന്റെ ബുദ്ധിമുട്ടുകളുമാണ്. ഞാൻ എഴുതിയ തിരക്കഥകൾ എല്ലാം എന്നെ നല്ലപോലെ ബുദ്ധിമുട്ടിച്ചുള്ള തിരക്കഥകളാണ്. സംവിധാനം ഞാൻ എഴുതിയ തിരക്കഥയിൽ നിന്നും ഉണ്ടാക്കുന്ന സിനിമയായതുകൊണ്ട് എനിക്ക് കുറേക്കൂടി ഈസിയായി തോന്നിയിട്ടുണ്ട്. സംവിധാനം ഒരു ലഘുവായ ജോലി എന്ന അർത്ഥത്തിലല്ല. എന്റെ തിരക്കഥയിൽ നിന്നും ഞാൻ തിരക്കഥ ഉണ്ടാക്കിയതുകൊണ്ടു ഒരുപക്ഷെ സംവിധാനം എനിക്ക് കുറേക്കൂടി വഴങ്ങി എന്ന് എനിക്ക് തോന്നുന്നു. 

അഭിനയം തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ ഭാരം ഷോൾഡർ ചെയ്യുന്ന വിധം വേഷങ്ങൾ ചെയ്യാത്തതുകൊണ്ടു കുറേക്കൂടി റിലാക്‌സ് ആണ്. റെസ്‌പോൺസിബിലിറ്റിയുടെ അടിസ്ഥാനത്തിൽ. എന്റെ ഉത്തരവാദിത്തങ്ങൾ ഒരെഴുത്തുകാരൻ എന്ന നിലയ്ക്കോ സംവിധായകൻ എന്ന നിലയ്ക്കോ ഒരാൾ നേരിടുന്ന, ഒരാൾ ഏൽക്കുന്ന ഉത്തരവാദിത്തങ്ങൾ, കുറേക്കൂടി ലഘുവായ ഉത്തരവാദിത്തങ്ങൾ ആണ് ഞാൻ നടൻ എന്ന നിലയ്ക്ക് ഒരു സിനിമയുടെ ചുമതലയിൽ ഒരു ലഘുവായ സ്ഥാനമാണ്. ഞാൻ ചെയ്യുന്ന വേഷങ്ങൾ പ്രകാരം എനിക്ക് ഉള്ളത്. പക്ഷെ അഭിനയം തീർച്ചയായും അതിന്റേതായ വെല്ലുവിളികളും അതിന്റേതായ ഉത്തരവാദിത്തങ്ങളും ഉള്ള ജോലി തന്നെയാണ്. തമ്മിൽ താരതമ്യം ഇല്ലാത്തത്, ഒന്ന് വിറക് വെട്ടലാണെങ്കിൽ ഒന്ന് വെള്ളം കോരലാണെങ്കിൽ ഒന്ന് പൂന്തോട്ടം നനയ്ക്കലാണെങ്കിൽ ഈ പറയുന്നത് എല്ലാം തമ്മിലുള്ള വ്യത്യാസവും ഓരോ ജോലിക്കുമുണ്ട് എന്ന് പറയുന്നതുപോലെ അഭിനയം ഞാൻ എൻജോയ് ചെയ്യുന്ന കുറേക്കൂടി കംഫേർട്ടബിൾ ആയ സോണിൽ എന്നെ നിർത്തുന്ന ഒരു ജോലിയാണ്. അതുകൊണ്ടു അത് ലളിതമായോ ലഘുവായോ കാണുന്ന ഒരു ജോലിയാണ് എന്നർത്ഥവുമില്ല.

അപ്പോൾ ആസ്വദിച്ച് ചെയ്യുന്നത് അഭിനയം തന്നെയാണോ?

ഒരു ജോലി ചെയ്യുമ്പോൾ അതിനു ഒരു ആസ്വാദനം എന്ന് പറയുന്നത് അറിയാതെ പോകുന്ന ഒരു കാര്യമാണ്. നമ്മൾ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ആസ്വാദനം സത്യത്തിൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്ന് എനിക്ക് തോന്നുന്നില്ല. എഴുതുമ്പോൾ എന്നെ സംബന്ധിച്ച് എഗണിയാണ്. സംവിധാനം ചെയ്യുമ്പോൾ അത് ഒരു തരം ഭാരവും പ്രഷറും തമ്മിൽ അടിച്ചേൽപ്പിക്കുന്ന ഒരു ജോലിയാണ്. അഭിനയിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ തീർച്ചയായും അതിന്റേതായ സംഘർഷങ്ങൾ അനുഭവിച്ച തന്നെയാണ് ആ ജോലി പൂർത്തീകരിക്കുന്നത്. അതുകൊണ്ട് എളുപ്പവഴികൾ ഉള്ള പണിയാണ് എന്ന് എനിക്ക് തോന്നുന്നില്ല.

അതിന്റെ ആസ്വാദനം അത് നന്നായി എന്ന് ആളുകൾ പറയുമ്പോൾ ഒരു സിനിമ എഴുതിയാൽ അത് കാഴ്ചക്കാർ സ്വീകരിക്കുമ്പോൾ അതിനു അംഗീകാരങ്ങൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ അതിന്റെ ആസ്വാദനം സംഭവിക്കുന്നു നമ്മുടെ ഭാഗത്ത് നിന്ന്. അഭിനയിക്കുമ്പോഴും അതിന്റെ ആസ്വാദനം എന്ന് പറയുന്നത് പലപ്പോഴും അതിനു ശേഷം ആ സിനിമയുടെ മൊത്തം ശരീരത്തിൽ നമ്മൾ, നമ്മുടെ സംഭാവന ഏത് നിലയ്ക്ക് പ്രവർത്തിച്ചു എന്നതിനെ സംബന്ധിച്ച്, നമ്മൾ കാണുമ്പോഴും മറ്റുള്ളവർ പറയുമ്പോഴും ഉണ്ടാകുന്ന സന്തോഷമാണ് ശരിക്കും ആസ്വാദനം. ജോലി ചെയ്യുമ്പോഴാണ് അതിന്റെ ആസ്വാദനം. ജോലി ചെയ്യുമ്പോഴും നമ്മൾ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നതെങ്കിലും അതിന്റെ ഒരു ആസ്വാദനം നമ്മൾ അറിഞ്ഞു സംഭവിക്കുന്നില്ല എന്നതാണ് സത്യം.

നടൻ എന്ന നിലയിൽ താങ്കളിൽ ഉള്ള സ്പാർക്ക് അത് ഷാജി കൈലാസ് ആണോ തിരിച്ചറിയുന്നത്?

എന്റെ നടനിലെ ഒരു സ്പാർക്ക് ഒരു കണ്ടുപിടുത്തമായി എനിക്ക് തോന്നിയിട്ടില്ല. എന്നോട് തലസ്ഥാനത്തിൽ ഇതുപോലെ വേഷം ചെയ്യേണ്ടിയിരുന്ന ഒരാൾക്ക് ആ ഡയലോഗ് കൃത്യമായി പറയാൻ കഴിയാത്തതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ച് വർഷങ്ങൾ മുൻപുള്ള കാര്യമാണ്, എന്നോട് ഷാജി '' നീ തന്നെ എഴുതിയതല്ലേ... നീ തന്നെ പറ എന്ന് പറഞ്ഞ ആ സ്വാതന്ത്ര്യത്തിന്റെ പ്രയോഗം കൊണ്ട് ഷാജി എന്നോട് ആവശ്യപ്പെടുകയും ഞാൻ അത് ചെയ്യുകയും ചെയ്തു. തലസ്ഥാനം ഹിറ്റായി കഴിഞ്ഞപ്പോൾ ഷാജിക്ക് ഞാൻ ഒരു കാമിയോ ചെയ്താൽ അതിൽ ഒരു രാശിയുണ്ട് എന്ന് കൂടി തോന്നിയതുകൊണ്ടാണ് ആവണം അടുത്ത സിനിമ ചെയ്തപ്പോൾ അപ്പോഴും ഷാജി അത് നീ തന്നെ ചെയ്താൽ മതി എന്ന് പറഞ്ഞു.

പിന്നീട് ഞാൻ ഒരു വേഷം എന്ന നിലയിൽ മാഫിയ എന്ന സിനിമയിലാണ് ചെയ്തത്. അന്ന് ആ വേഷം ചെയ്യാൻ ബംഗളൂരുവിലായിരുന്നു അതിന്റെ ഷൂട്ട്. ആ വേഷം ചെയ്യാൻ ഒരു കന്നഡ നടനെ ഞങ്ങൾ കണ്ടെത്തിയിരുന്നു. അയാൾക്ക് ലാസ്റ്റ് മിനിട്ടിൽ എന്തോ അസുഖം ബാധിച്ച് അയാൾ ഹോസ്പിറ്റലൈസ്ഡ് ചെയ്യപ്പെട്ടു. അപ്പോൾ ആ ഒഴിവിലേക്ക് വേറെ ആളെ കിട്ടാത്തതുകൊണ്ടും, കേരളത്തിൽ ആണെങ്കിൽ നമ്മൾ വേറെ ഒരാളെ അന്വേഷിച്ചേനെ...ബാംഗളൂരിൽ ആയതുകൊണ്ട് പെട്ടെന്ന് കിട്ടാവുന്ന ഒരു നടനെ കണ്ടെത്തുക ബുദ്ധിമുട്ടു ആയതുകൊണ്ട് ആ വേഷം ചെയ്യാൻ ഞാൻ നിർബന്ധിതനായതാണ്. ഞാൻ വലിയ പ്രതിഷേധത്തോടെയാണ് ആ വേഷം ചെയ്തത്.

എനിക്ക് പറ്റില്ലാ എന്ന് പറഞ്ഞു ഷാജിയോട് കലഹിച്ചിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്. അറിഞ്ഞോ അറിയാതെയോ അങ്ങിനെ ഒരു കണ്ടുപിടുത്തം സംഭവിച്ചത് ഷാജിയുടെ കാർമ്മികത്വത്തിലാണ്. പക്ഷെ അഭിനയം അന്നൊന്നും ഒരു മേഖലയായി ഞാൻ കണക്കിലെടുക്കുകയോ അത് തുടരാൻ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. അങ്ങിനത്തെ ഒരു പരിശ്രമം എന്റെ ഭാഗത്തു നിന്ന് പിന്നെ ഉണ്ടായിട്ടുമില്ല. ഞാനും ഷാജിയും ചെയ്ത സിനിമകളിൽ അങ്ങിനെ ഒരു പ്രത്യക്ഷപ്പെടൽ നടത്തിയിരുന്നു എന്നല്ലാതെ ഒരഭിനയമായിട്ടോ അല്ലെങ്കിൽ ഒരു നടൻ എന്ന നിലയിൽ ഉള്ള കരിയർ ആയിട്ടോ മാറുന്ന സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.

മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ആദ്യ സിനിമ സ്ത്രീ വിരുദ്ധ സിനിമയെന്ന് ആക്ഷേപിക്കപ്പെട്ടു? മകന്റെ സംവിധായക മികവ് എങ്ങിനെ വിലയിരുത്തുന്നു?

മകന്റെ മികവ് വിലയിരുത്തുക അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക ബുദ്ധിമുട്ടാണ്. എനിക്ക് മകന്റെ സിനിമ മാറി നിന്നിട്ടു വിലയിരുത്തുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാണ്. അതിന്റെ സ്ത്രീ വിരുദ്ധത സംഭവിച്ച് അങ്ങിനെ കഴമ്പുള്ളതായി ഞാൻ കാണുന്നില്ല. സിനിമ സ്ത്രീ വിരുദ്ധം എന്നൊക്കെ പറഞ്ഞു ഡിമാൻഡ് ചെയ്യുന്നത്, അങ്ങിനെ ഒരു താപ്പിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. സിനിമയിൽ മനുഷ്യവിരുദ്ധമായത് എന്തെങ്കിലും ഉണ്ടോ എന്നാണ് അന്വേഷിക്കുക. അല്ലെങ്കിൽ അന്വേഷിക്കേണ്ടത്. അല്ലാതെ സ്ത്രീവിരുദ്ധം എന്ന സാധനം കെട്ടിയേല്പിക്കുന്നതിൽ ഒരു കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് ഗൗരവമായി കാണുന്നുമില്ല.

ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ട് ഒരിക്കൽകൂടി യാഥാർത്യമാവുമോ?

സിനിമയിൽ ഒരിക്കലൂം നമ്മൾ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ അല്ല സംഭവിക്കുന്നത്. സിനിമ പലപ്പോഴും യാദൃശ്ചിതകളിലൂടെ ഉണ്ടാകുന്ന... യാദൃശ്ചികതകളാണ് പലപ്പോഴും സിനിമയെ ഉണ്ടാക്കുന്നത്. ഞാനും ഷാജിയും ഒരുമിച്ച് സിനിമ ചെയ്യുന്നതും അങ്ങിനെയാണ്. ഒരാളുടെ കഥ കേൾപ്പിക്കാനാണ്.... ആ കഥയുടെ തിരക്കഥയാണ്.... പശുപതി എന്ന സിനിമയായി മാറിയത്. ഷാജിയും ഞാനും തമ്മിൽ ഇപ്പോഴും വളരെ സജീവമായി സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രോജക്ട് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചിട്ടുമുണ്ട്. പക്ഷെ അത് എപ്പോൾ തുടങ്ങുമെന്ന് ഒരു സാഹചര്യമില്ലാത്തതുകൊണ്ടാണ് അങ്ങിനെയൊരു അനൗൺസ്മെന്റിലേക്ക് അത് എത്തിച്ചേരാത്തത്. ഷാജിക്ക് ഒപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഞാൻ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ്.

ജയരാജ് സിനിമ ഭയാനകം അതിനു അവാർഡുകൾ പ്രതീക്ഷിച്ചിരുന്നോ?

ഭയാനകം 2018 ലാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഭയാനകം മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്, മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് എന്നിവ ലഭിച്ച സിനിമയാണ്. അത് ദേശീയ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ പനോരമയിൽ വരുകയും ഐഎഫ്എഫ്‌ഐയിൽ കോംപറ്റിഷൻ വിഭാഗത്തിൽ വരുകയും ചെയ്ത വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

ഭയാനകത്തിലെ അഭിനയമികവ് വാഴ്‌ത്തപ്പെട്ടിരുന്നു?

അവാർഡ് ലഭിക്കുക എന്ന് പറഞ്ഞാൽ ഒരു സിനിമയെ അല്ലെങ്കിൽ ഒരുപാട് സിനിമയെ ഒരു സംഘം ആളുകൾ വിലയിരുത്തുകയും അവർക്ക് മികച്ചത് എന്ന് തോന്നുന്നതിനെ കണ്ടെത്തുകയും ചെയ്യുന്നതിനാണ്. എല്ലാവർക്കും അവാർഡ് കിട്ടിക്കൊള്ളണമെന്നില്ല. മികച്ച ഒരു പാട് പ്രകടനങ്ങൾ എല്ലാ തലങ്ങളിലുമുണ്ടാകും. അഭിനയത്തിലും സംവിധാനത്തിലും എഴുത്തിലും ഒക്കെ മികച്ച സിനിമകൾ ആണ് മത്സരിക്കുന്നത്. മികച്ച സിനിമകളിൽ നിന്നും മികച്ചതിനെ തിരഞ്ഞെടുക്കുമ്പോൾ അവിടെയെല്ലാം നമ്മൾ പരിഗണിക്കപ്പെടണം എന്ന് അർത്ഥമില്ല.

ലേലം-2 അവസ്ഥയെന്താണ്?

ലേലം-2 വിനെ സംബന്ധിച്ച് അങ്ങിനെ എടുത്ത് പറയാനുള്ള അവസ്ഥയില്ല. പക്ഷെ ലേലം-2 ആലോചനയുണ്ട്. സമീപഭാവിയിൽ അതുണ്ടായേക്കാം എന്നല്ലാതെലേലം-2 വിനു സംബന്ധിച്ച് ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ വരാറുണ്ട്. മോഹൻലാൽ അഭിനയിക്കും, മമ്മൂട്ടി അഭിനയിക്കും എന്നൊക്കെ പറഞ്ഞു അന്നത്തെ അത്താഴത്തിനു വേണ്ടി അത്തരം പരിപാടികൾ ചെയ്യുന്ന ഒരുപാട് വാർത്തകൾ നമ്മൾ കാണാറുണ്ട്. അതിലൊന്നും കഥയില്ല. ആ സിനിമയെ സംബന്ധിച്ച് ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്റ്റേജിൽ അതിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും ഉചിതം എന്നാണ് എനിക്ക് തോന്നുന്നത്.

Read more topics: # renji panicker,# interview,# second part
renji panicker interview second part

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES