വരത്തു പോക്കെന്നൊരു വാക്ക് എന്റെ പ്രൊഫൈലില്‍ കണ്ടത് മുതല്‍ സംശയങ്ങളുടെ ബഹളമാണ്; എല്ലാ നാട്ടിലുമുണ്ടാവും ഇങ്ങനെ ഒന്ന്; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

Malayalilife
topbanner
വരത്തു പോക്കെന്നൊരു വാക്ക് എന്റെ പ്രൊഫൈലില്‍ കണ്ടത് മുതല്‍ സംശയങ്ങളുടെ ബഹളമാണ്; എല്ലാ നാട്ടിലുമുണ്ടാവും ഇങ്ങനെ ഒന്ന്; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി ചക്കപ്പഴത്തിൽ അഭിനയിച്ചു പോരുകയാണ്. കഴിഞ്ഞ ദിവസം അശ്വതി എഴുതിയ  വരത്തുപോക്ക് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കവിതയ്‌ക്കെതിരെ വിമര്‍ശനവുമായി ചിലരെത്തിയിരുന്നു. ഇവര്‍ക്ക് താരം തക്ക മറുപടി നല്‍കുകയും ചെയ്തു.  എന്നാൽ ഇപ്പോൾ  അതുമായി ബന്ധപ്പെട്ട മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി.

ഇന്നലെ വരത്തു പോക്കെന്നൊരു വാക്ക് എന്റെ പ്രൊഫൈലില്‍ കണ്ടത് മുതല്‍ സംശയങ്ങളുടെ ബഹളമാണ്. നമുക്ക് മനസ്സിലാത്തതൊന്നും ഭൂമിയില്‍ വേണ്ടന്ന് വിശ്വസിക്കുന്ന ആക്ഷേപ ഹാസ്യക്കാരുടെ ബഹളം വേറെ. നാട്ടിന്‍ പുറങ്ങളില്‍ ജീവിച്ചവര്‍ക്ക് അറിയാം, എല്ലാ നാട്ടിലുമുണ്ടാവും വരത്തു പോക്കുള്ളതെന്നോ, തേരോട്ട വഴിയെന്നോ കുപ്രസിദ്ധമായ ഒരു പ്രദേശം. ആ ദേശത്തെ ഏതെങ്കിലും ആരാധനാ മൂര്‍ത്തി സന്ധ്യയിലോ രാത്രി കാലങ്ങളിലോ തന്റെ തേര്‍ തെളിച്ച് അദൃശ്യ സഞ്ചാരം നടത്തുന്നുവെന്ന് പറയപ്പെടുന്ന വഴിയാകും അത്.

അല്ലെങ്കില്‍ ആത്മാക്കളോ, യക്ഷി- ഗന്ധര്‍വന്‍ പോലെയുള്ള അരൂപികളോ അവരുടെ സഞ്ചാര വഴിയായി തെരഞ്ഞെടുത്തിരിക്കുന്ന വഴിയെ അങ്ങനെ പറയാറുണ്ട്. മിക്കവാറും കാവുകളും അമ്പലങ്ങളുമായി ചേര്‍ന്നു കിടക്കുന്ന വഴികളോ പറമ്പുകളോ കുളങ്ങളോ ഒക്കെയാവും ഇത്തരത്തില്‍ കഥകളുടെ കേന്ദ്രങ്ങളായി രാത്രി സഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. തേരോട്ട വഴിയില്‍ പില്‍ക്കാലത്തു അറിയാതെ ആരെങ്കിലും വീട് വച്ചാല്‍ പോലും അശുഭ കാര്യങ്ങള്‍ സംഭവിക്കുമെന്ന് നമ്മുടെ മുന്‍ തലമുറ ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ പോവുകളോ പശുവിനെയോ ആനയെയോ കെട്ടുകയോ ചെയ്യരുതെന്നും പറയാറുണ്ട്.

വന ദുര്‍ഗാ പ്രതിഷ്ഠയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാറില്ലാത്തതും, തേരോട്ടമുള്ള ആ നട മുറിച്ച് കടന്നാല്‍ ആന ചരിയും എന്ന വിശ്വാസം നിലനില്‍ക്കുന്നത് കൊണ്ടാണ്. എന്റെ മുത്തശ്ശി, യൗവന കാലത്ത് സന്ധ്യയ്ക്ക് തോട്ടില്‍ കുളിക്കുമ്പോള്‍ ഒരു മിന്നല്‍ ദേഹത്തു കയറിയിറങ്ങിയ ഓര്‍മ്മക്കഥ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അന്ന് തുടങ്ങി മരിക്കുവോളം നീണ്ടു നിന്ന, കാരണം കണ്ടു പിടിക്കാനാവാത്ത, രാത്രികളില്‍ ചോര തുപ്പുന്ന ചുമ അന്നുണ്ടായ അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു.

അങ്ങനെയിരുന്നപ്പോള്‍ തേരോട്ട വഴികളും വരത്തു പോക്കിടങ്ങളും കോണ്‍ക്രീറ്റ് ഇട്ട് മൂടിയ മനുഷ്യനെ ഭയന്ന് വഴി മാറിയോടിയേക്കാവുന്ന അരൂപികളെയോര്‍ത്തു. രാവുറങ്ങാതെ ചോര തുപ്പുന്ന മുത്തശ്ശിയുടെ ചുമ ഓര്‍ത്തു. മിത്തുകളുമായി ചേര്‍ത്ത് കെട്ടിയ എന്റെ ബാല്യ കൗമാരങ്ങള്‍ ഓര്‍ത്തു. കഥകള്‍ വറ്റാത്ത നാട്ടിന്‍ പുറങ്ങളോര്‍ത്തു. അത്ര തന്നെ??
 

Anchor and actress aswathy sreekanth new post about varathu pokku

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES